കണ്ണൂർ: പാലാ ബിഷപ്പ് മാർ ജോർജ് കല്ലറങ്ങാട്ട് ആരാധനാലയത്തിൽ വെച്ച് വിശ്വാസികളോട് വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനാമില്ലാതെ വർഗീയ ആരോപണം നടത്തിയിട്ടും കേസെടുക്കാൻ തയ്യാറാകാത്ത പിണറായി വിജയൻ ഇരട്ടച്ചങ്കനല്ലെന്നും ഇരട്ട നീതിക്കാരനാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ പറഞ്ഞു. പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലീം – കൃസ്ത്യൻ സൗഹാർദ്ദം തകർക്കുന്ന പ്രസ്താവന നടത്തിയ പാലാ ബിഷപ്പിനെ ന്യായീകരിച്ച് അരമനയിൽ ചെന്ന് കണ്ട് ബിഷപ്പ് പണ്ഡിതനാണെന്നും, എതിർക്കുന്നവർ തീവ്രവാദികളാണെന്നും പറഞ്ഞ സഹകരണ മന്ത്രി എരിതീയിൽ എണ്ണ ഒഴിക്കുകയാണ് ചെയ്തത്.
പാഠഭാഗത്തിൻ്റെ പേരിൽ എം എം അക്ബറിനേയും പ്രസംഗത്തിൻ്റെ പേരിൽ ശംസുദ്ധീൻ പാലത്തിനെതിരേയും കേസെടുത്ത പിണറായിക്ക് പാലാ ബിഷപ്പിനെതിരെ കേസെടുക്കാൻ എന്താണ് തടസ്സം. ബിഷപ്പിൻ്റെ പ്രസംഗം വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും പാലാ ബിഷപ്പിനെതിരെ നിയമ നടപടി സ്വീകരിക്കാത്തത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ ഫൈസൽ, വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സുഫീറ അലി അക്ബർ, ജില്ലാ കമ്മിറ്റി അംഗം ഉമ്മർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറിമാരായ ബി ശംസുദ്ധീൻ മൗലവി, മുസ്തഫ നാറാത്ത്, ട്രഷറർ ആഷിഖ് അമീൻ, കണ്ണൂർ മണ്ഡലം പ്രസിഡന്റ് ഷഫീഖ് പി സി എന്നിവർ നേതൃത്വം നൽകി.