• Sat. Jul 27th, 2024
Top Tags

എണ്ണിയാൽ തീരാത്തത്ര ജോലിയുണ്ട്!; യുഡി ക്ലർക്ക് ആത്മഹത്യ ചെയ്തത് അമിത ജോലിഭാരം മൂലമെന്നു സഹപ്രവർത്തകരും സംഘടനകളും.

Bydesk

Sep 24, 2021

കണ്ണൂർ : കാസർകോട് വെസ്റ്റ് എളേരി പഞ്ചായത്തിലെ യുഡി ക്ലർക്ക് എ.കെ.ഷിനിത കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത് അമിത ജോലിഭാരം നിമിത്തമാണെന്നു പറഞ്ഞു സഹപ്രവർത്തകരും സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്. ഷിനിതയുടേത് ആദ്യത്തെ സംഭവമല്ലെന്നും ഒട്ടേറെ ജീവനക്കാർ സംസ്ഥാനത്ത് ഇതിനകം ജീവനൊടുക്കിയതായി സംഘടനകളും സഹപ്രവർത്തകരും പറയുന്നു.

തദ്ദേശ വകുപ്പിൽ നിന്നു മാത്രമല്ല, റവന്യൂ, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും നടപ്പാക്കേണ്ട ബാധ്യത തങ്ങൾക്കാണെന്നു പഞ്ചായത്ത് ജീവനക്കാർ പറയുന്നു. ഏറ്റവുമൊടുവിൽ, വാതിൽപ്പടി സേവനത്തിനു ഫണ്ട് കണ്ടെത്താനായി മേള നടത്താനുള്ള ചുമതല കൂടി പഞ്ചായത്തു ജീവനക്കാർക്കു വന്നിരിക്കുകയാണ്. എന്തു പ്രശ്നമുണ്ടായാലും പഞ്ചായത്ത് ജീവനക്കാർക്കെതിരെ നടപടിയെന്ന നിലയിലേക്കാണു കാര്യങ്ങളെത്തി നിൽക്കുന്നതെന്നു ജീവനക്കാർ പറയുന്നു. 2100ൽ പരം സേവനങ്ങളാണു പഞ്ചായത്തിൽ നിന്നു നൽകുന്നത്. ഇതിൽ 213 സേവനങ്ങൾ പൊതുജനങ്ങളുമായി നേരിട്ടു നൽകുന്നതാണ്. മറ്റു വകുപ്പുകളിൽ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കും അനുമതികൾക്കും വേണ്ട അടിസ്ഥാന പരിശോധന നടത്തി റിപ്പോർട്ട് നൽകേണ്ടതും പഞ്ചായത്ത് ജീവനക്കാരുടെ ചുമതലയാണ്. ഇതിനു വേണ്ടത്ര ജീവനക്കാരില്ലെന്നതും പ്രശ്നമാണ്.

പഴയ സ്റ്റാഫ് പാറ്റേണിലാണ് ഇപ്പോഴും പഞ്ചായത്തുകൾ.  ഈ വർഷം നടപ്പാക്കേണ്ട വാർഷിക പദ്ധതി ആസൂത്രണം ചെയ്തതു കഴിഞ്ഞ വർഷാവസാനമാണ്. ജനുവരിയിൽ ഇതിന് അംഗീകാരം ലഭിക്കുകയും ചെയ്തു. പക്ഷേ, പദ്ധതിക്കു സർക്കാരിൽ നിന്ന് എത്ര പണം ലഭിക്കുമെന്നു വ്യക്തമായതു ജൂൺ – ജൂലൈയിലാണ്. ഇതോടെ, പദ്ധതികളെല്ലാം പുതുക്കേണ്ടി വന്നു. ചിലത് ഒഴിവാക്കി. ഇരട്ടിപ്പണിയാണു വേണ്ടി വരുന്നത്. വർഷങ്ങളായി പഞ്ചായത്തുകളിൽ നടക്കുന്നതാണിത്. ദിവസേനെ കോവിഡ് കണക്കുകൾ ശേഖരിക്കലും അവ വിവിധ ഗൂഗിൾ ഫോമുകളിൽ അപ്‌ലോഡ് ചെയ്യുകയുമാണിപ്പോൾ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ പ്രധാനജോലി. രോഗികൾ, മരണം, ക്വാറന്റീൻ ലംഘനം, ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളുടെ സ്ഥിതി, വാക്സിനേഷൻ തുടങ്ങിയവയുടെ കണക്കുകളെല്ലാം ഇതിൽ പെടും.

ജനകീയാസൂത്രണത്തിന്റെ 25ാം വാർഷികമായതിനാൽ, അതിനുള്ള കണക്കെടുപ്പാണു മറ്റൊരു പ്രധാന തലവേദന. ഈ വർഷത്തെ കണക്കു മാത്രം പോര. 25 വർഷം കൊണ്ടു നടപ്പാക്കിയ പദ്ധതികളെ പറ്റിയുള്ള കണക്കു കൂടി വേണം. ഓണം അവധി തുടങ്ങുന്നതിന്റെ തലേന്നാണ്, ലോക്കൽ ഫണ്ട് ഓഡിറ്റിനു വേണ്ട കണക്കുകൾ, ഓണത്തിനു പിറ്റേന്നു തന്നെ നൽകാനുള്ള നിർദേശമെത്തിയത്. പല ജീവനക്കാരുടെയും ഓണം അവധി, അതോടെ തീർന്നുകിട്ടി. പകരം അവധിയെടുക്കാം. പക്ഷേ, അതിനുമൊരു സാവകാശം ലഭിക്കണ്ടേയെന്നാണു ജീവനക്കാർ ചോദിക്കുന്നത്. ഐഎൽജിഎംഎസ് ശ്രീകണ്ഠപുരം ,  പഞ്ചായത്തുകളിൽ ഇൻഫർമേഷൻ കേരള മിഷൻ മുഖേന സർക്കാർ നൽകിയ ഐഎൽജിഎംഎസ് (ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം) സോഫ്റ്റ്‌വെയർ ജീവനക്കാർക്കു ചെറിയ സമ്മർദമല്ല ഉണ്ടാക്കുന്നത്. ജില്ലയിൽ 25 പഞ്ചായത്തുകളിൽ ഈ സോഫ്റ്റ്‌വെയർ മുഖേനെയാണു നിലവിൽ മുഴുവൻ സേവനങ്ങളും ലഭ്യമാക്കുന്നത്. ഐഎൽജിഎംഎസ് നൽകിയ പഞ്ചായത്തുകളിൽ ഈ സോഫ്റ്റ്‌വെയറിലൂടെയല്ലാതെ അപേക്ഷകൾ സ്വീകരിക്കാനോ കെട്ടിട നിർമാണ പെർമിറ്റ് ഉൾപ്പെടെയുള്ളവയും ലൈസൻസും സാക്ഷ്യപത്രങ്ങളും നൽകാനോ കഴിയില്ല. മുന്നൊരുക്കങ്ങളില്ലാതെ ഏർപ്പെടുത്തിയതിനാലും സർവർ തകരാറും കാരണം പലപ്പോഴും ഹാങ് ആകുന്നു. ഫ്രണ്ട് ഓഫിസ് വഴി അപേക്ഷകൾ സ്വീകരിക്കാൻ സാധിക്കാത്തതും സേവനങ്ങൾ പലപ്പോഴും നൽകാൻ സാധിക്കാത്തതും ജനങ്ങളുടെ രോഷത്തിനിടയാക്കുകയും ഉദ്യോഗസ്ഥരെ സമ്മർദത്തിലാഴ്ത്തുകയും ചെയ്യുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *