സിവിൽ ഡിഫൻസ് അംഗം എം.വി.പ്രശോഭ് ചികിൽസാ സഹായം ആദ്യ ഗഡു കൈമാറി
കണ്ണൂർ: ശ്വാസകോശത്തിൽ ക്യാൻസർ ബാധയെ തുടർന്ന് മലബാർ ക്യാൻസർ സെൻ്ററിൽ ചികിത്സ തുടരുന്ന കേരള സിവിൽ ഡിഫൻസ് കണ്ണൂർ റീജിയണിലെ കണ്ണൂർ യൂണിറ്റ് സിവിൽ ഡിഫൻസ് വളണ്ടിയർ മയ്യിൽ കാഞ്ഞിരത്തട്ട് സ്വദേശി ശ്രീ. പ്രശോഭ് എം.വി. യുടെ ചികിൽസാ ചിലവുകൾക്കായി റീജിയൺ തലത്തിൽ സമാഹരിക്കുന്ന ചികിൽസാ സഹായ നിധിയുടെ ആദ്യഗഡു കൈമാറി.
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസസ് കണ്ണൂർ ജില്ലാ ഫയർ ഓഫീസർ ബി. രാജ്, കണ്ണൂർ അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫിസർ ലക്ഷ്മണൻ എന്നിവരുടെ സാന്നിധ്യത്തിൽ സിവിൽ ഡിഫൻസ് കണ്ണൂർ റീജനൽ ചീഫ് വാർഡൻ അനീഷ്കുമാർ കീഴ്പള്ളി, ആദ്യ ഗഡുവായ ഒരുലക്ഷം രൂപ പ്രശോഭിൻ്റെ പിതാവിന് കൈമാറി.
അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ പുരുഷോത്തമൻ, കണ്ണൂർ യൂണിറ്റ് പോസ്റ്റ് വാർഡൻ ഷഗിൽ, പ്രശോഭ് ചികിൽസാ കമ്മിറ്റി കൺവീനർ സജിത്ത്. വി. , ടീ.എൻ. ചന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു.
സിവിൽ ഡിഫൻസ് പയ്യന്നൂർ യൂണിറ്റ് സമാഹരിച്ച തുകയാണ് കൈമാറിയത്.
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രശോഭിൻെറ കുടുംബം, പ്രശോഭിൻ്റെ ഇതുവരെയുള്ള ചികിൽസകൾ വളരെ കഷ്ടപ്പെട്ടാണ് പൂർത്തിയാക്കിയത്.
പ്രശോഭിന് ഇനി ഒരു കീമോയും, ബ്രെയിനിൽ റേഡിയേഷനും ചെയ്യേണ്ടതുണ്ട് അതു കഴിഞ്ഞ് രണ്ടുവർഷം തുടർച്ചയായി മരുന്ന് കഴിച്ചാൽ, പ്രാരംഭദശ ആയതുകൊണ്ട് ഏറെക്കുറെ പഴയ അവസ്ഥയിലേക്ക് തിരിച്ചു വരാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത് . നിലവിലെ ചികിൽസയ്ക്കായി കുടുംബത്തിന് താങ്ങാൻ പറ്റുന്നതിനേക്കാൾ കൂടുതൽ പണം ചെലവായി കഴിഞ്ഞു. ഇനിയും ചികിത്സയ്ക്ക് മാത്രം ആറ് ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.
ആദ്യ ഘട്ടത്തിൽ കീമോ തെറാപ്പി ചെയ്യുമ്പോഴൊക്കെ നല്ല രീതിയിൽ ശരീരം പ്രതികരിച്ചിരുന്നെങ്കിലും അവസാനഘട്ടം റേഡിയേഷൻ ആവുമ്പോഴേക്കും ശരീരത്തിന് താങ്ങാൻ പറ്റാത്തവിധം മുടിയൊക്കെ കൊഴിഞ്ഞു പരിക്ഷീണിതനായ് മാറി പ്രശോഭിൻ്റെ അവസ്ഥ.
അനുയോജ്യമായ ചികിത്സ നൽകിയാൽ പ്രശോഭിനെ പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നത്കൊണ്ടുതന്നെ,
കണ്ണൂർ റീജിയണിലെ കണ്ണൂർ കാസർഗോഡ് ജില്ലകളിലെ വിവിധ യൂണിറ്റുകൾ ബിരിയാണി/ അച്ചാർ ചലഞ്ചുകൾ നടത്തിയും അഭ്യുദയകാംക്ഷികളിൽ നിന്നും സഹായം സ്വീകരിച്ചുകൊണ്ടും തുടർചികിത്സയ്ക്കുള്ള പണം സമാഹരിച്ച് പ്രശോഭ് ചികിൽസാ കമ്മിറ്റിയ്ക്കു കൈമാറികൊണ്ട് പ്രശോഭിൻ്റേ ഊർജ്ജസ്വലമായ തിരിച്ചുവരവിനായി കൈകോർക്കുകയാണ്.