കണ്ണൂർ: ജനകീയ ഇടപെടലുകളിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിക്കുകയും കാലാനുസൃതമായി നവീകരിക്കുകയും വേണമെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ധർമശാലയിൽ കണ്ണൂർ കല്ല്‌കൊത്ത് തൊഴിലാളി ക്ഷേമസംഘത്തിന്റെ (കൽകോ) നവീകരിച്ച ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യവൽക്കരണത്തിലൂടെ സർവതലസ്പർശിയായ മേഖലകളിലാണ് സഹകരണ പ്രസ്ഥാനങ്ങൾ ഇടപെടുന്നത്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ സാമൂഹ്യ ജീവിതം മെച്ചപ്പെടുത്താനുതകുന്ന വിവിധ പദ്ധതികൾക്കാണ് രൂപം നൽകുന്നത്. സഹകരണ മനുഷ്യരുടെ നിത്യജീവിതത്തെ സ്പർശിച്ചു കൊണ്ടാണ് അവരുടെ പ്രവർത്തനം. സാമ്പത്തിക സഹായത്തിന് പുറമെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും വലിയ പങ്കാണ് സഹകരണ സ്ഥാപനങ്ങൾ വഹിക്കുന്നത്. അവയെ കൂടുതൽ കരുത്തുറ്റതാക്കാനുള്ള പരിശ്രമങ്ങൾ അനിവാര്യമാണെന്ന് -മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ആന്തൂർ നഗരസഭാധ്യക്ഷൻ പി മുകുന്ദൻ അധ്യക്ഷനായി. കൽകൊ പ്രസിഡണ്ട് സി അശോക് കുമാർ, സെക്രട്ടറി എ ഇ ജിതേഷ് കുമാർ, കെ സന്തോഷ്, ടി ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.