പാപ്പിനിശ്ശേരി : കെഎസ്ആർടിസി ബസുകൾ കണ്ണൂർ-പഴയങ്ങാടി-പയ്യന്നൂർ റൂട്ട് പൂർണമായും കയ്യൊഴിഞ്ഞു. നിലവിൽ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. രാവിലെ 8.45ന് പയ്യന്നൂരിൽ നിന്നു പുറപ്പെടുന്ന ഒരേയൊരു ബസ് വൈകിട്ട് 5ന് കണ്ണൂരിലേക്ക് തിരിച്ചു സർവീസ് നടത്തും. ഇതിനിടയിൽ ഇതേ ബസ് മറ്റു റൂട്ടുകളിൽ സർവീസ് നടത്തും. കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ ചെയിൻ സർവീസും നിർത്തി. കെഎസ്ആർടിസിയെ മാത്രം ആശ്രയിച്ച സ്ഥിരം യാത്രക്കാർ പെരുവഴിയിലായി.
വർഷങ്ങളോളം പുലർച്ചെ 5ന് പയ്യന്നൂരിൽ നിന്നു പുറപ്പെടുന്ന ബസ് തൊഴിലാളികളടക്കം ഒട്ടേറെ പേർ ആശ്രയിക്കുന്ന സർവീസ് ആയിരുന്നു. യാത്രക്കാരുടെ ശക്തമായ പ്രതിഷേധം ഉണ്ടായിട്ടും സർവീസ് പുനഃസ്ഥാപിച്ചില്ല. നേരത്തെ ഇരു ഡിപ്പോയിൽ നിന്നുമായി 15ലധികം ബസുകൾ ഓടിയിരുന്ന റൂട്ടിലാണ് ഇന്ന് ഒരു ബസ് മാത്രം ഓടുന്നത്. ലാഭകരമായിട്ടും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്താത്തത് സ്വകാര്യ ബസ് ഉടമകളുടെ സമ്മർദമാണെന്നു യാത്രക്കാർ പരാതിപ്പെട്ടു.