• Sat. Jul 27th, 2024
Top Tags

വാഴക്കുണ്ടത്തെ ഖാദി കേന്ദ്രം കെട്ടിടം ലഹരിമാഫിയകളുടെ താവളം.

Bydesk

Dec 14, 2021

ചെറുപുഴ : ഗ്രാമീണ വനിതകൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ‌ വാഴക്കുണ്ടത്ത് നിർമിച്ച ഖാദി കേന്ദ്രത്തിന്റെ കെട്ടിടം കാലപ്പഴക്കത്തെ തുടർന്നു നശിക്കുന്നു. പുളിങ്ങോം സെന്റ് ജോസഫ് പള്ളി അധികൃതർ ഖാദി കേന്ദ്രത്തിനു സൗജന്യമായി നൽകിയ 50 സെന്റ് സ്ഥലവും കെട്ടിടവുമാണു ആർക്കും പ്രയോജനമില്ലാതെ നശിക്കുന്നത്. 1982 ൽ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്കു തൊഴിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണു പള്ളി അധികൃതർ സ്ഥലം സൗജന്യമായി നൽകിയത്.

കുറെ കാലം നല്ല നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഖാദി കേന്ദ്രം കാലക്രമേണ അടച്ചുപൂട്ടുകയായിരുന്നു. ഇതോടെ കെട്ടിടവും പരിസരങ്ങളും കാടുകയറി നശിക്കാൻ തുടങ്ങി. ക്രമേണ കെട്ടിട ഭാഗങ്ങൾ ഇടിഞ്ഞു വീഴാനും തുടങ്ങി. ഇപ്പോൾ കെട്ടിടത്തിന്റെ ഒരു ഭാഗം മാത്രമാണു അവശേഷിച്ചിട്ടുള്ളത്. ഇവിടെ സന്ധ്യ കഴിഞ്ഞാൽ  ലഹരിമാഫിയകളുടെ താവളമാണ്. ഇതുമൂലം സന്ധ്യ കഴിഞ്ഞാൽ ഇതുവഴി യാത്ര ചെയ്യാൻ പോലും നാട്ടുകാർക്ക് ഭയമാണ്.

വാഴക്കുണ്ടം- ചൂരപ്പടവ്, വാഴക്കുണ്ടം -ഉമയംചാൽ റോഡുകൾ ഈ സ്ഥലത്തിനു സമീപത്തുകൂടെയാണു കടന്നുപോകുന്നത്.  ലക്ഷങ്ങൾ വില മതിക്കുന്ന സ്ഥലമാണു കാടു കയറി നശിക്കുന്നത്. കെട്ടിടം പുനർനിർമിച്ചു തൊഴിൽ കേന്ദ്രം ആരംഭിക്കാൻ ഖാദി കേന്ദ്രം തയാറാകണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഇതിനു സാധ്യതയില്ലെങ്കിൽ സ്ഥലം മറ്റു പൊതുസ്ഥാപനങ്ങൾക്ക് കെട്ടിടം നിർമിക്കാൻ വിട്ടു കൊടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *