• Sat. Jul 27th, 2024
Top Tags

കരിഞ്ഞുണങ്ങുന്നു, കുരുമുളക് കർഷകരുടെ പ്രതീക്ഷകൾ.

Bydesk

Dec 20, 2021

ചെറുപുഴ  :  കുരുമുളക് വള്ളികൾ കരിഞ്ഞുണങ്ങുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. വിളവെടുക്കാറായ കുരുമുളക് വള്ളികളാണു കരിഞ്ഞുണങ്ങുന്നത്. ഇതോടെ ചെറുപുഴ  പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ കർഷകർ പ്രതിസന്ധിയിലായി. ഈ രോഗംമൂലം മഴക്കാലത്തും വ്യാപകമായി കുരുമുളക് വള്ളികൾ നശിച്ചിരുന്നു. ഇതിനുശേഷം വീണ്ടും രോഗം പ്രത്യക്ഷപ്പെട്ടത് കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി.

കുരുമുളക് വള്ളികളുടെ ഇലകൾക്ക് കറുത്തനിറം ഉണ്ടായ ശേഷം ഇലയും കുരുമുളകും കൊഴിഞ്ഞു വീഴുകയും, പിന്നീട് തണ്ടുകൾ ഉണങ്ങി വള്ളികൾ പൂർണമായും നശിക്കുകയുമാണു ചെയ്യുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നു പ്രതിസന്ധിയിലായിരുന്ന കർഷകർക്ക് കുരുമുളക് വിലയിലുണ്ടായിരുന്ന വർധന ഏറെ ആശ്വാസകരമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ രോഗബാധ കർഷകർക്ക് തിരിച്ചടിയായി മാറി. പ്രതിരോധ മരുന്നുകൾ പ്രയോഗിച്ചിട്ടും രോഗബാധ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്നാണു കർഷകർ പറയുന്നത്.

കുരുമുളക് കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ കുറെ വർഷങ്ങളായി കൃഷിവകുപ്പ് കൃഷിഭവൻ മുഖേന അത്യുൽപാദന ശേഷിയുള്ള കുരുമുളക് ചെടികൾ വിതരണം ചെയ്യുന്നുണ്ട്. എന്നിട്ടും മലയോര മേഖലയിൽ കുരുമുളക് ഉൽപാദനത്തിൽ വലിയ വർധനയൊന്നും കാണാനില്ല. കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനവും കനത്ത മഴയുമാണു കുരുമുളക് കൃഷി നശിക്കാൻ കാരണമെന്നു പറയുന്നു. രോഗബാധ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *