പയ്യന്നൂർ ∙ കാത്തിരിപ്പ് അവസാനിക്കുന്നു. മുങ്ങം പാലത്തിന്റെ ഉദ്ഘാടനത്തിന് വഴിയൊരുങ്ങി. 10 വർഷമായി തുടരുന്ന കേസ് അവസാനിച്ചതോടെയാണ് പാലം പൊതു വാഹനങ്ങൾക്ക് ഉപയോഗിക്കാൻ വഴിയൊരുങ്ങിയത്. പയ്യന്നൂർ നഗരസഭയെയും കരിവെള്ളൂർ-പെരളം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മുങ്ങം പുഴയിൽ 2012 ലാണ് പാലം പണിതത്. തൃക്കരിപ്പൂരിൽ നിന്ന് മൂന്നര കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളൂർ ദേശീയ പാതയിൽ എത്താൻ കഴിയുമെന്നതും കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ കുണിയൻ പ്രദേശത്തിന്റെയും നഗരസഭയിലെ കാറമേൽ പ്രദേശത്തിന്റെയും വികസനത്തിനും പാലം വഴിയൊരുക്കുമെന്നതിനാലാണ് 2008ൽ പാലത്തിന് ഫണ്ട് അനുവദിച്ചത്.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് പാലം പണി തുടങ്ങി പൂർത്തീകരണത്തിലെത്തിയത് 2012 നവംബറിലായിരുന്നു. അവസാന ഘട്ട നിർമാണത്തിനിടയിൽ നഗരസഭ പരിധിയിലുളള സമീപന റോഡിനെ ചൊല്ലി ഉയർന്ന തർക്കമാണ് പാലത്തെ കോടതി കയറ്റിയത്. 2013 ജനുവരിയിൽ സ്വകാര്യ വ്യക്തി കോടതിയിൽ കേസ് ഫയൽ ചെയ്തതോടെ നിർമാണം പൂർത്തീകരിച്ച പാലത്തിന്റെ തുക നൽകി റോഡ് ഏറ്റെടുക്കാൻ പിഡബ്ല്യുഡിക്കു കഴിഞ്ഞില്ല. അതോടെ ഉദ്ഘാടനം മുടങ്ങി.
ഇനിയും നൂലാമാലകൾ ഏറെ;
ഉദ്ഘാടനം ചെയ്യാത്ത പാലത്തിലൂടെ ബസ് റൂട്ട് അനുവദിച്ചില്ല. അതോടെ ഈ പാലം പൊതുഗതാഗതത്തിനും ഉപയോഗിക്കാനായില്ല. സ്വകാര്യ വാഹനങ്ങളും മറ്റ് അത്യാവശ്യ വാഹനങ്ങളും മാത്രമേ പാലത്തിലൂടെ കടന്നു പോകുന്നുള്ളൂ. പൊതുഗതാഗതം നടക്കാത്തതിനാൽ പ്രതീക്ഷിച്ച വികസനവും കടന്നു വന്നില്ല. ഇരു വിഭാഗവും കോടതി കയറി ഇറങ്ങി. ഒടുവിൽ കേസ് ഒഴിവായി. ഇനി കരാറുകാരന് പണം നൽകി പാലം പിഡബ്ല്യുഡി ഏറ്റെടുക്കണം. അതിന് നൂലാമാലകൾ കുറേയുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.