ഇന്ധനം നിറയ്ക്കാനായി പമ്പിൽ നിർത്തിയിട്ട മിനി വാനിന് തീപ്പിടിച്ചു. തിങ്കളാഴ്ച രാവിലെ 11.30-ഓടെ പാനൂർ റോഡിലെ പെട്രോൾ പമ്പിലാണ് സംഭവം. പമ്പിലെ ജീവനക്കാരും പോലീസുമെത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
ചെറുവാഞ്ചേരിയിൽനിന്ന് പാറാട് ഭാഗത്തേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് നിഗമനം. തക്കസമയത്ത് കൺട്രോൾ റൂം പോലീസ് സ്ഥലത്തെത്തി.
ഉടൻ തന്നെ പമ്പിലെ ജീവനക്കാരും ചേർന്ന് അഗ്നിശമനോപകരണങ്ങൾ ഉപയോഗിച്ച് തീകെടുത്തി, വാൻ റോഡിലേക്ക് തള്ളിമാറ്റി വൻ അപകടം ഒഴിവാക്കി. മിനി വാൻ ഭാഗികമായി കത്തിനശിച്ചു. വാഹന ഉടമ പാറാട് സ്വദേശി ഇബ്രാഹിം ഹാജിയും ഡ്രൈവറും മാത്രമാണ് വാനിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.