ഇരിട്ടി: സിവില്‍ ഡിഫന്‍സ് റൈസിംഗ് ഡേ യുടെ ഭാഗമായി ഇരിട്ടി ഫയര്‍ സ്റ്റേഷന്റെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് വാര്‍ഡന്‍മാരുടെ ദീപശിഖാ പ്രയാണവും മരണമടഞ്ഞ സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളുടെ ഛായ ചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചനയും നടത്തി.
സാധാരണ ജനജീവിതം ദുസ്സഹമാവുന്ന ഏതൊരു ഘട്ടത്തിലും അവയ്ക്ക് പരിഹാരം കാണുന്നതിനും പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ നിന്നു തന്നെ സ്വയം സന്നദ്ധരായെത്തി, പരിശീലനം നേടിയവരുടെ സംഘടനയാണ് സിവില്‍ഡിഫന്‍സ്. 2019 ഡിസംബര്‍ 10 ന് ആണ് സിവില്‍ ഡിഫന്‍സ് സംവിധാനം കേരളത്തില്‍ രൂപീകരിക്കപ്പെടുന്നത്. എന്നാല്‍ രണ്ട് വര്‍ഷത്തിനിടയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിര പോരാളികളായും ഇക്കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ കേരളാ ഫയര്‍ &റസ്‌ക്യു സര്‍വീസസിന്റെ കൈയ്യാളുകളായും കേരളത്തിലുടനീളം അസംഖ്യം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തക്കൊപ്പവും സിവില്‍ ഡിഫന്‍സ് എന്ന ജനകീയസേന ജനമനസ്സുകളിലും വാര്‍ത്താ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ഇന്ന് നിറഞ്ഞു നില്‍ക്കുന്നുണ്ട്.
കേരളത്തില്‍ അഗ്‌നി രക്ഷാ സേനയുടെ തലവന്‍ സിവില്‍ ഡിഫന്‍സിന്റെ മേലധികാരികൂടിയായി രുന്നെങ്കിലും പൂര്‍ണ്ണമായും സന്നദ്ധ സേനയായ സിവില്‍ ഡിഫന്‍സ് 2019 വരെ കേരളത്തില്‍ രൂപീകരിച്ചിരുന്നില്ല. സിവില്‍ ഡിഫന്‍സ് പോലെ തന്നെ ആഭ്യന്തരസുരക്ഷക്ക് വേണ്ടിയുള്ളതെങ്കിലും, മറ്റ് സായുധ സേനകളില്‍ നിന്ന് പരിശീലനം നേടിയവരുടെ പ്രവര്‍ത്തനം ഉപയോഗപ്പെടുത്തി ഹോം ഗാര്‍ഡ്‌സ് സംവിധാനം വര്‍ഷങ്ങള്‍ക്ക് മുമ്പെ കേരളത്തില്‍ നിലവില്‍ വന്നിട്ടുണ്ട്.
എന്നാല്‍ 2018 ലും 2019ലും തുടര്‍ച്ചയായുണ്ടായ മഹാപ്രളയങ്ങളുടെ പശ്ചാതലത്തില്‍ കേര ജനതയുടെ സന്നദ്ധ സേവനങ്ങളോടുള്ള ആഭിമുഖ്യം തിരിച്ചറിഞ്ഞ് സിവില്‍ ഡിഫന്‍സ് സംവിധാനം കേരളാ ഫയര്‍ &റസ്‌ക്യു സര്‍വീസസിനു കീഴില്‍ ആരംഭിക്കുന്നതിന് കേരളഗവണ്‍മെന്റ് തീരുമാനമെടുത്തു.
2019 ഡിസംബര്‍ 10 നാണ് കേരളാ സിവില്‍ ഡിഫന്‍സ് രൂപീകരണം ബഹു.കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ തിരുവനന്തപുരത്ത് വെച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത് .
ഇരിട്ടി പായഞ്ചേരിയില്‍ നിന്നും തുടങ്ങിയ പ്രയാണം ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ലത ഇരിട്ടി യൂണിറ്റ് പോസ്റ്റ് വാര്‍ഡന്‍ അരുണ്‍ ബാലക്കണ്ടിക്ക് ദീപശിഖ നല്‍കി ഉദ്ഘാടനം ചെയ്തു.
ദുരന്ത മുഖത്ത് ജനകീയ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി എന്നും ഓടി എത്തുന്ന മലയോരത്തെ സേനാംഗങ്ങള്‍ നടത്തിയ ദീപശിഖാ പ്രയാണം പയഞ്ചേരിമുക്കില്‍ നിന്നും ആരംഭിച്ച് ഇരിട്ടി നഗരത്തിലൂടെ സഞ്ചരിച്ച് അഗ്നിരക്ഷാ നിലയത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന, അഗ്നിരക്ഷാ നിലയം ഓഫീസര്‍ രാജീവ് കെ പതാക ഉയര്‍ത്തി ഡിഫന്‍സ് വാര്‍ഡന്‍മര്‍ക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അശോകന്‍ എന്‍ ജി, യൂണിറ്റ് ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ ഡോളമി മുണ്ടാനൂര്‍ എന്നിവര്‍ സംസാരിച്ചു. ഡിസംബര്‍ 6 മുതല്‍ 12 വരെ വിവിധ പരിപാടികളോടെ സിവില്‍ ഡിഫെന്‍സ് വാരാചരണം നടത്താനുള്ള ഒരുക്കത്തിലാണ് സേനാഗംങ്ങള്‍