• Sat. Jul 27th, 2024
Top Tags

3 വർഷം മു‍ൻപ് ഉരുൾ കൊണ്ടുപോയി, പുതിയ പാലം യാഥാർഥ്യത്തിലേക്ക്; ആശ്വാസത്തിൽ ഗ്രാമീണർ.

Bydesk

Nov 22, 2021

പാറയ്ക്കാമല:  അയ്യൻകുന്ന് പാറയ്ക്കാമലയിൽ 3 വർഷം മു‍ൻപ് ഉരുൾ കൊണ്ടുപോയ പാലത്തിനു പകരം പുതിയ പാലം യാഥാർഥ്യത്തിലേക്ക്. ഒരാളുടെ മരണം കൂടി സംഭവിക്കാൻ ഇടയാക്കിയ കാലതാമസത്തിനു എതിരെ പ്രതിഷേധം ശക്തമായപ്പോൾ പുതിയ കരാർ നൽകിയാണ് പ്രവൃത്തി നടത്തിയത്. കഴിഞ്ഞ മാസം 10 നു പണി തുടങ്ങി വാർപ്പ് പൂർത്തീകരിച്ചതിൽ ആശ്വാസത്തിലാണു ഗ്രാമീണർ. 40 മീറ്റർ സംരക്ഷണ ഭിത്തിയും 50 മീറ്റർ ടാറിങ്ങും ആണു അവശേഷിച്ചിട്ടുള്ളത്.
ഡിസംബർ 31 നകം പ്രവൃത്തികൾ എല്ലാം പൂർത്തീകരിക്കുമെന്ന് കരാറുകാരൻ കൂത്തുപറമ്പ് നിർമലഗിരിയിലെ അജീന്ദ്രൻ ആലക്കണ്ടി അറിയിച്ചു. പ്രളയം പിടിച്ചുലച്ച 2018 ൽ പാറയ്ക്കാമലയിൽ ഉണ്ടായ ഉരുൾപൊട്ടലിലാണ് പാറയ്ക്കാമല – പുല്ലൻപാറ തട്ട് റോഡിലെ കോൺക്രീറ്റ് പാലം ഒഴുകി പോയത്.
വള്ളിത്തോട് സെന്റ് ജൂഡ് നഗറിൽ തുടങ്ങി മുടയിരഞ്ഞി – ചരൾ – വാണിയപ്പാറ – പുല്ലൻപാറ തട്ട് – പാറയ്ക്കാമല – മുടിക്കയം വരെയുള്ള ഈ 12.5 കിലോമീറ്റർ റോഡ് ആയിരക്കണക്കിനാളുകൾ ഉപയോഗിക്കുന്നതാണ്. രക്ഷാ പ്രവർത്തനത്തിനായി എത്തിയ ദുരന്ത നിവാരണ സേന തകർന്ന വൈദ്യുതി തൂണുകൾ ഉപയോഗിച്ച് താൽക്കാലികമായി പണിത നടപ്പാലത്തിലൂടെ ആയിരുന്നു ജനങ്ങളുടെ യാത്ര. കഴിഞ്ഞ വർഷം മാർച്ചിൽ പാലം പണിക്കു കരാർ നൽകിയെങ്കിലും എടുത്തയാൾ പണി നടത്താത്തതാണു പ്രതിസന്ധി ഉണ്ടാക്കിയത്.
പ്രവൃത്തി തുടങ്ങാത്തതിൽ കരാറുകാരൻ കാസർകോട് സ്വദേശി ഷംസുദ്ദീന് 7,40,913 പിഴയിട്ടു കരാർ റദ്ദാക്കിയ ശേഷം ആണു പുതിയ കരാർ നൽകിയത്. കഴിഞ്ഞ ജൂണിൽ താൽക്കാലിക പാലത്തിൽ നിന്ന് തെന്നി വീണ് എടപ്പുഴ കരിക്കോട്ടക്കരി കീഴങ്ങാനം സ്വദേശി ബേബി കച്ചാലിമലയിൽ മരിക്കുന്ന സാഹചര്യവും ഉണ്ടായി. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സെലീന ബിനോയി എന്നിവർ സന്ദർശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *