ഇരിട്ടി : ഇരിട്ടി ഹാജി റോഡ് തകർന്ന് ഗതാഗതം ദുസ്സഹമായി. ആറളം, മലയോര ഹൈവേയിലേക്കുള്ള പ്രധാന റോഡാണ് കാൽ നട പോലും സാധ്യമല്ലാത്ത രീതിയിൽ തകർന്നത്. ഇരിട്ടിയിൽ നിന്നും എളുപ്പത്തിൽ ഹാജി റോഡ് വഴി ആറളം മലയോര ഹൈവേയിലൂടെ കേളകം, കൊട്ടിയൂർ, മാനന്തവാടി മേഖലയിൽ എത്താൻ കഴിയുന്ന റോഡിന്റെ 3 കിലോമീറ്റർ റോഡാണ് തകർന്ന് ഗതാഗതം സാധ്യമല്ലാതായിരിക്കുന്നത്. പല ഘട്ടത്തിലും റോഡ് നവീകരണത്തിനായി ഫണ്ട് അനുവദിച്ചെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇത് വരെയും യാതൊരു പ്രവർത്തിയും ആരംഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു
നിരവധി ബസുകളും, ചരക്ക് വാഹനങ്ങളും , സ്വകാര്യ വാഹനങ്ങളും ഉൾപ്പെടെ ദിനംപ്രതി കടന്ന് പോകുന്ന റോഡിനോടാണ് അധികൃതരുടെ അവഗണന. കുഴിയിൽ വീണ് ഇരുചക്ര വാഹനങ്ങൾക്കും , കല്ലുകൾ ഇളകി തെറിച്ച് വാഹനങ്ങൾക്കും , കാൽ നടയാത്രക്കാർക്കും പരിക്കേൽക്കുന്നതും നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ യാത്രാ ദുരിതം മനസിലാക്കി അടിയന്തരമായി അധികൃതർ ഇടപെട്ട് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.