• Wed. Jun 19th, 2024
Top Tags

കുടിയിറക്ക് ഭീഷണിക്കെതിരെ താലൂക്ക് വികസന സമിതി.

Bydesk

Dec 4, 2021

കൂട്ടുപുഴ  : മാക്കൂട്ടത്ത് പുഴ പുറമ്പോക്ക് ഭൂമിയിൽ കഴിയുന്ന കുടുംബങ്ങളെ കുടിയിറക്കാനും കേരളത്തിന്റെ റവന്യു ഭൂമി കയ്യേറാനുമുള്ള കർണ്ണാടകയുടെ നീക്കം ചെറുക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു.

വർഷങ്ങളായി അതിർത്തിയിൽ കർണ്ണാടക വനം വകുപ്പ് നടത്തുന്ന നീക്കത്തിന്റെ ഭാഗമാണിതെന്ന് അംഗങ്ങൾ യോഗത്തിൽ പറഞ്ഞു. പ്രശ്‌നത്തിന്റെ ഗൗരവം സർക്കാറിന്റെ ശ്രദ്ധയിൽകൊണ്ടുവന്ന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രശ്‌നം ഉന്നയിച്ച സി. പി. ഐ അംഗം പായം ബാബുരാജ് ആവശ്യപ്പെട്ടു. പ്രശ്‌നം കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും തിങ്കളാഴ്ച്ച് അതിർത്തിയിൽ സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും തഹസിൽദാർ സി. വി പ്രകാശൻ യോഗത്തെ അറിയിച്ചു.

തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയുടെ വികസനത്തിനായി ഇരിട്ടി പാലത്തിന് സമീപത്തെ കുന്ന് ചെത്തിയിറക്കി വീതികൂട്ടിയതുമൂലം ഉണ്ടായ മണ്ണിടിച്ചൽ തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി ആവശ്യപ്പെട്ടു. ലോക ബാങ്ക് സഹായത്തോടെ നടക്കുന്ന നവീകരണ പ്രവൃത്തിയായതിനാൽ വിദ്ഗത സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ പറ്റുവെന്ന് കെ. എസ്. ടി. പി അസിസ്റ്റന്റ് എഞ്ചിനീയർ കെ. വി സതീശൻ യോഗത്തെ അറിയിച്ചു. വന്യമൃഗശല്യം നേരിടുന്നതിൽ നടപടിയുണ്ടാക്കണമെന്നും കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ആവശ്യപ്പെട്ടു.

ബാരാപോൾ പദ്ധതിയോട് ചേർന്ന് നടപ്പിലാക്കുന്ന സൗരോർജ്ജ പദ്ധതി കാടു കയറി കിടക്കുകയാണെന്നും കാടുവെട്ടിതെളിച്ച് പ്രവർത്തനക്ഷമമാക്കാൻ നടപടിയുണ്ടാക്കണമെന്നും അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ഛൻ പൈമ്പള്ളിക്കുന്നേൽ ആവശ്യപ്പെട്ടു. തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയിൽ 19-ാം മൈൽ മുതൽ ഇരിട്ടി ടൗൺ വരെ കരാർ വ്യവസ്ഥയിൽ പറഞ്ഞ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നും ഓവുചാലുകൾക്ക് മുകളിൽ സ്ഥാപിക്കേണ്ട സ്ലാബുകൾ ഉടൻ സ്ഥാപിക്കണമെന്നും ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ ശ്രീലത ആവശ്യപ്പെട്ടു. കേളകം പഞ്ചായത്തിലെ ശാന്തിഗരിയിൽ ഭൂമിയിൽ ഉണ്ടാകുന്ന വിള്ളലുകളെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും ഇതുമൂലം പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കണമെന്നും കോൺഗ്രസ് അംഗം പി. സി രാമകൃഷ്ണൻ ആവശ്യപ്പെട്ടു. യോഗത്തിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് മേധാവികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു

യോഗം പ്രഹസനമാക്കരുതെന്ന് ആവശ്യം കോവിഡിനെ തുടർന്ന് ഒന്നരവർഷ്ത്തിന് ശേഷം നടന്ന താലൂക്ക് വികസ സമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരുടേയും എം. എൽ. എമാരുടേയും അസാന്നിധ്യം ചർച്ചയായി. മേഖലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാരിൽ പകുതിയോളം പേരും യോഗത്തിനെത്തിയില്ല. അയ്യൻകുന്ന്, പായം , ഇരിട്ടി നഗരസഭ, തില്ലങ്കേരി, ഇരിട്ടിബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ അധ്യക്ഷൻമാർ എത്തിയപ്പോൾ ആറളം, ഉളിക്കൽ, മുഴക്കുന്ന്, പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ എന്നിവിടങ്ങളിൽ നിന്നും ജനപ്രതിനിധികൾ എത്തിയില്ല. മുൻകാലങ്ങളിൽ എല്ലാ യോഗത്തിലും പങ്കെടുത്തിരുന്ന സണ്ണിജോസഫ് എം. എൽ. എയും മട്ടന്നൂർ എം. എൽ. എ കെ. കെ ശൈലജയും യോഗത്തിനെത്തിയില്ല. മുൻകാലങ്ങളിൽ വികസന സമിതി യോഗത്തിൽ ഉയർന്നു വന്ന നിർദ്ദേശങ്ങളും പരാതികളും ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞിരുന്നതായി തില്ലങ്കേരി പഞ്ചായത്ത് വൈസ്.പ്രസിഡന്റ് അണിയേരി ചന്ദ്രൻ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാകണമെന്നും എല്ലാവരും യോഗത്തിൽ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *