• Sat. Jul 27th, 2024
Top Tags

പേരാവൂർ നിയോജക മണ്ഡലത്തിൽ മരാമത്ത് പ്രവർത്തികൾ സമയബന്ധിതമായി തീർക്കാൻ അവലോകനയോഗം തീരുമാനം.

Bydesk

Dec 15, 2021
ഇരിട്ടി : പേരാവൂർ നിയോജക മണ്ഡലത്തിൽ മരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സണ്ണി ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിന്റെ തീരുമാനം. അവലോകനയോഗത്തിൽ ചർച്ചകളും തീരുമാനങ്ങളും
.
വള്ളിത്തോട് – മണത്തണ മലയോര ഹൈവേ വീതി കൂട്ടി നിലവാരം മെച്ചപ്പെടുത്തൽ പ്രവർത്തി ടെൻഡർ വിളിച്ചു. 16 ന് ടെൻഡർ തുറക്കും. 52 കോടിയുടെ പ്രവൃത്തിയിൽ നിലവിലുള്ള റോഡ് 7 മീറ്ററാക്കി ടാറിങ് വീതി വർദ്ധിപ്പിക്കൽ, 2 വശത്തും മുക്കാൽ മീറ്റർ വീതം കാൽനടവഴി, അപകട സ്ഥലങ്ങളിൽ പാർശ്വഭിത്തി നിർമാണം, വെമ്പുവ, ആനപ്പന്തി, ചേന്തോട് പാലങ്ങൾ എന്നിവയുടെ പണിയാണ് ഉൾപ്പെടുന്നത്. കെആർഎഫ്ബി പ്രവൃത്തികൾക്കു മേൽനോട്ടം വഹിക്കും.
മാനന്തവാടി – പാൽച്ചുരം – കൊട്ടിയൂർ – കേളകം – പേരാവൂർ – മാലൂർ – ശിവപുരം – മട്ടന്നൂർ വിമാനത്താവള റോഡ് പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി പ്രതിനിധികൾ അറിയിച്ചു. മാനന്തവാടി – ബോയ്‌സ് ടൗൺ – പാൽച്ചുരം റോഡ് നവീകരിക്കുന്നതിന് കിഫ്ബി ഫണ്ട് അനുവദിച്ച് ടെൻഡർ നടപടികളിലേക്ക് കടന്നു. നടപടി ക്രമങ്ങളുടെ കാലതാമസം കണക്കിലെടുത്ത് തകർച്ചയിലായ ബോയ്‌സ് ടൗൺ – പാൽച്ചുരം റീച്ച് അറ്റകുറ്റപണികൾക്കു 69 ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തി അടുത്ത മാസം നടത്തും. 1000 കോടി രൂപ റോഡ് നവീകരണത്തിനും 1000 കോടി പുനരധിവാസത്തിനുമായി 2000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. കേളകം, പേരാവൂർ, മാലൂർ ടൗണുകൾക്ക് സമാന്തരമായി ബൈപാസ് പണിയും.
കൂട്ടുപുഴ പാലം പുതുവർഷ സമ്മാനമായി ഗതാഗതത്തിനു തുറന്നു കൊടുക്കും. 18 ന് പാലത്തിൽ മെക്കാഡം ടാറിങ് നടത്തും. പഴയ പാലവും ടാറിങ് നടത്തും. ഇരിട്ടി, കൂട്ടുപുഴ പഴയ പാലങ്ങളുടെ സംരക്ഷണത്തിനു നടപടി ഉണ്ടാവും. മാടത്തിൽ – കൂമൻതോട്, പുന്നാട് – മീത്തലേ പുന്നാട് റോഡുകളുടെ മെക്കാഡം ടാറിങ് അടുത്ത മാസം പൂർത്തീകരിക്കും. ചാവശ്ശേരി – തലച്ചങ്ങാട് റോഡ് പണി മാർച്ചിനുള്ളിൽ പൂർത്തീകരിക്കും. ആറളം – ചെടിക്കുളം റോഡ് ടാറിങ് പൂർത്തിയായി.
പ്രവൃത്തി ചെയ്യാത്തത് കാരണം കേളകം – അടയ്ക്കാത്തോട് റോഡ് 5 കോടി രൂപ മുടക്കി നവീകരിക്കന്നതിനുള്ള പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെ നീക്കം ചെയ്യാൻ തീരുമാനിച്ചു.
ഇരിട്ടി – പേരാവൂർ റോഡ് നവീകരണത്തിനു കേന്ദ്ര റോഡ് ഫണ്ടിനായി നൽകിയ ശുപാർശ പരിഗണിക്കപ്പെട്ടില്ലെങ്കിൽ സംസ്ഥാന ബജറ്റ് വർക്കാക്കി അനുവദിക്കാൻ സർക്കാരിനെ സമീപിക്കാനും തീരുമാനിച്ചു. ബാക്കിയുള്ള ഓവുചാൽ, നടപ്പാത എന്നിവ കെഎസ്ടിപി വേഗം ചെയ്തു തീർക്കണം. ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പണിയണം. കത്താത്ത സൗരോർജ വഴി വിളക്കുകൾ മാറ്റി സ്ഥാപിക്കണം. എടുർ – കമ്പിനിനിരത്ത് – അങ്ങാടിക്കടവ് – വാണിയപ്പാറ റീബിൽഡ് കേരള റോഡ് പ്രവൃത്തികൾ ഊർജിതമായി നടക്കുന്നതായി പ്രതിനിധികൾ അറിയിച്ചു. ഇരിട്ടി സിവിൽ സ്റ്റേഷൻ, കീഴ്പ്പള്ളി സിഎച്ച്‌സി എന്നീ കെട്ടിടങ്ങളുടെ പണി ടിഎസ് ഘട്ടത്തിലാണെന്നും ആറളം, പെരിങ്കരി സ്‌കൂൾ കെട്ടിടങ്ങളുടെ പണി പുരോഗമിക്കുന്നതായും വിലയിരുത്തി.
ജബ്ബാർക്കടവ്, കാക്കയങ്ങാട് – പാലപ്പുഴ, എടത്തൊട്ടി – പെരുമ്പുന്ന, വിളക്കോട് – അയ്യപ്പൻകാവ് റോഡുകളുടെ അറ്റകുറ്റപ്പണിക്കായി ഫണ്ട് ആവശ്യപ്പെടാനും തീരുമാനിച്ചു. അവലോകന യോഗത്തിൽ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭ അധ്യക്ഷ കെ. ശ്രീലത, സ്ഥിരം സമിത അധ്യക്ഷൻ കെ.സുരേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. വേണുഗോപാലൻ (പേരാവൂർ), പി.രജനി (പായം), എക്‌സിക്യൂട്ടിവ് എൻജിനീയർമാരായ എം. ജഗദീഷ് (റോഡ്), കെ. ജിഷാ കുമാരി (കെട്ടിടം), എം.ബിന്ദു (കെആർഎഫ്ബി), അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനയർമാരായ എസ്.സി. ലജീഷ്‌കുമാർ, കെ. ആശിഷ്‌കുമാർ, പി. സജിത്, ഷീല ചോറൻ, അസിസ്റ്റന്റ് എൻജിനിയർമാരായ കെ.പി. പ്രദീപൻ, കെ.വി. സതീശൻ, ടി.കെ. റോജി, പി. സനില, എംഎൽഎയുടെ പി എ മുഹമ്മദ് ജസീർ എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *