• Sat. Jul 27th, 2024
Top Tags

പഴശ്ശി കനാലിൽ വീണ്ടും വെള്ളമെത്തും; ട്രയൽ റൺ ജനുവരി ആദ്യവാരം.

Bydesk

Dec 24, 2021

മട്ടന്നൂർ ∙ കാത്തിരിപ്പിനൊടുവിൽ പഴശ്ശി മെയിൻ കനാലിലൂടെ വീണ്ടും വെള്ളമൊഴുകാൻ ഇനി ദിവസങ്ങൾ മാത്രം. ഡാം മുതലുള്ള കനാലിലെ ആദ്യ അഞ്ചര കിലോമീറ്ററിലെ നവീകരണ പ്രവർത്തനങ്ങൾ 95 ശതമാനത്തോളം പൂർത്തിയായി. ജനുവരി ആദ്യവാരം ട്രയൽ റൺ നടത്താൻ ലക്ഷ്യമിട്ടാണ് പ്രവൃത്തി പുരോഗമിക്കുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ സി.ഡി.സാബു പറഞ്ഞു. പഴശ്ശി ജലസേചന പദ്ധതിയുടെ സബ്ഡിവിഷൻ ഓഫിസിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 2008ലാണ് കനാലിലൂടെ അവസാനമായി വെള്ളം ഒഴുകിയത്.

ജില്ലയിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയും 12 ശുദ്ധജല വിതരണ പദ്ധതികളുടെ ജലസ്രോതസ്സുമാണ് പഴശ്ശി. 2012ലെ കനത്ത മഴയിൽ വെള്ളം കുത്തിയൊഴുകി കനാൽ പലയിടത്തായി തകർന്നിരുന്നു. ആദ്യ അഞ്ചര കിലോമീറ്ററിൽ രണ്ടിടത്താണ് കനാൽ തകർന്നത്. ഡാമിൽ നിന്നു 300 മീറ്റർ അകലെയും 1.3 കിലോമീറ്ററിലുമുണ്ടായ തകർച്ച പരിഹരിച്ചു. അരികു കെട്ടി ബലപ്പെടുത്തിയും കോൺക്രീറ്റ് ചെയ്തുമാണ് കനാൽ നവീകരിച്ചത്. മെയിൻ കനാലിന്റെ 2 കിലോമീറ്റർ മുതൽ 3.4 കിലോമീറ്റർ വരെയുള്ള 1.4 കിലോമീറ്റർ നീളമുള്ള തുരങ്കവും മണ്ണ് നീക്കി വെള്ളമൊഴുകാൻ സജ്ജമാക്കി.

വർഷങ്ങളോളം വെള്ളമൊഴുകാതായതോടെ മണ്ണിടിഞ്ഞും മരങ്ങൾ വളർന്നും കനാൽ ഉപയോഗശൂന്യമായിരുന്നു. മരങ്ങൾ വനംവകുപ്പിന്റെ സഹായത്തോടെ വില നിശ്ചയിച്ച് മുറിച്ചു മാറ്റാൻ കരാർ നൽകി. കനാലിലും വശങ്ങളിലുമായി വളർന്നു നിന്നിരുന്ന മരങ്ങളും ചെടികളും മുറിച്ചു നീക്കുന്ന പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്. കനാലിൽ അടിഞ്ഞ മണ്ണ് നീക്കുന്ന പ്രവൃത്തിയും ദിവസങ്ങൾക്കകം പൂർത്തിയാകും. മെയിൻ കനാലിൽ 11.52 കിലോമീറ്ററിൽ കാര ഭാഗത്ത് 2019ലെ മഴക്കാലത്ത് തകർച്ച സംഭവിച്ചിരുന്നു.

റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഇവിടെ അറ്റകുറ്റപ്പണികൾ 70 ശതമാനം പൂർത്തിയായി. അടുത്ത ഡിസംബറോടെ മെയിൻ കനാലിന്റെ 16.5 കിലോമീറ്റർ വരെയുള്ള ഭാഗത്തെ നവീകരണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. മാഹി ബ്രാഞ്ച് കനാൽ തുടങ്ങുന്നത് കാര ഭാഗത്തു നിന്നാണ് നിന്നാണ്. 2023 ഡിസംബറോടെ മാഹി ബ്രാഞ്ച് കനാൽ വഴി ജലസേചനം സാധ്യമാക്കുകയാണ് ലക്ഷ്യം. മറ്റു ബ്രാഞ്ചുകളിൽ തുടർന്നുള്ള വർഷങ്ങളിലും വെള്ളമെത്തിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *