ഇരിട്ടി∙ അയ്യൻകുന്ന് പാറയ്ക്കാമലയിൽ 3 വർഷം മുൻപ് ഉരുൾ കൊണ്ടുപോയ പാലത്തിനു പകരം പുതിയ പാലം യാഥാർഥ്യമായി. ഒരാളുടെ മരണം കൂടി സംഭവിക്കാൻ ഇടയാക്കിയ കാലതാമസത്തിനു എതിരെ പ്രതിഷേധം ശക്തമായപ്പോൾ പുതിയ കരാർ നൽകിയാണ് പ്രവൃത്തി നടത്തിയത്. ആദ്യം കരാർ എടുത്തയാൾ 6 മാസം പിന്നിട്ടിട്ടും പണി നടത്താത്തതിനെത്തുടർന്ന് തുടർന്നു പുതിയ കരാർ നൽകിയാണു പ്രവൃത്തി പൂർത്തീകരിച്ചത്. കൂത്തുപറമ്പ് നിർമലഗിരിയിലെ അജീന്ദ്രൻ ആലക്കണ്ടിയാണു രണ്ടാമതു കരാർ എടുത്തത്. 80 ദിവസം കൊണ്ടു പാലം വാർപും സമീപ റോഡു പണിയും സംരക്ഷണ ഭിത്തിയും ഉൾപ്പെടെ പൂർത്തീകരിച്ച ആഹ്ലാദത്തിലാണു നാട്ടുകാർ.
പ്രളയം പിടിച്ചുലച്ച 2018 ൽ പാറയ്ക്കാമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ആണു പാറയ്ക്കാമല – പുല്ലൻപാറ തട്ട് റോഡിലെ കോൺക്രീറ്റ് പാലം ഒഴുകി പോയത്. വള്ളിത്തോട് സെന്റ് ജൂഡ് നഗറിൽ തുടങ്ങി മുടയിരഞ്ഞി – ചരൾ – വാണിയപ്പാറ – പുല്ലൻപാറ തട്ട് – പാറയ്ക്കാമല – മുടിക്കയം വരെയുള്ള ഈ 12.5 കിലോമീറ്റർ റോഡ് ആയിരക്കണക്കിനാളുകൾ ഉപയോഗിക്കുന്നതാണ്. രക്ഷാ പ്രവർത്തനത്തിനായി എത്തിയ ദുരന്ത നിവാരണ സേന തകർന്ന വൈദ്യുതി തൂണുകൾ ഉപയോഗിച്ച് താൽക്കാലികമായി പണിത നടപ്പാലത്തിലൂടെ ആയിരുന്നു ജനങ്ങളുടെ യാത്ര. കഴിഞ്ഞ വർഷം മാർച്ചിൽ പാലം പണിക്കു കരാർ എടുത്തയാൾ പണി നടത്താത്തതാണു പ്രതിസന്ധി ഉണ്ടാക്കിയത്. പ്രവൃത്തി തുടങ്ങാത്തതിൽ കരാറുകാരൻ കാസർകോട് സ്വദേശി ഷംസുദ്ദിന് 7,40,913 പിഴയിട്ടു കരാർ റദ്ദാക്കിയ ശേഷം ആണു പുതിയ കരാർ നൽകിയത്. കഴിഞ്ഞ ജൂണിൽ താൽക്കാലിക പാലത്തിൽ നിന്ന് തെന്നി വീണ് എടപ്പുഴ കരിക്കോട്ടക്കരി കീഴങ്ങാനം സ്വദേശി ബേബി കച്ചാലിമലയിൽ മരിച്ചിരുന്നു.