• Sat. Dec 14th, 2024
Top Tags

വിക്സിന്റെ മണമുള്ള തുളസി മുതൽ വിളക്കുതിരിയായി പിരിച്ചു കത്തിക്കാവുന്നവ വരെ: ജൈവമ്യൂസിയമായി അഞ്ചേക്കർ.

Bydesk

Dec 8, 2021

തില്ലങ്കേരി : ജൈവകർഷകൻ എൻ.ഷിംജിത്തിന്റെ കൃഷിയിടം ഔഷധസസ്യങ്ങളുടെ കലവറയാണ്. 32 ഇനം തുളസിച്ചെടികൾ, ഇതിൽ വിക്സിന്റെ മണമുള്ള തുളസി മുതൽ വിളക്കുതിരിക്ക് പകരം പിരിച്ചു കത്തിക്കാവുന്നവ വരെ ഉൾപ്പെടും. പലപ്പോഴായി കൃഷി ചെയ്ത ഇരുന്നൂറിൽപ്പരം നെൽ ഇനങ്ങളുടെ കതിരുകൾ സൂക്ഷിച്ചു വച്ച് പരിചയപ്പെടുത്താനും ഈ കർഷകൻ സമയം കണ്ടെത്തുന്നു. വിവിധയിനം മഞ്ഞൾ, എള്ള് തുടങ്ങി‌ കാഴ്ചക്കാരെ അമ്പരിപ്പിക്കുന്നതാണ് ഷിംജിത്തിന്റെ ശേഖരം. അഞ്ചേക്കറിൽ ഒരേ സമയം കൃഷി ചെയ്യുന്നത് 13 നെല്ലിനങ്ങളാണ്.

അപൂർവയിനം കറ്റാർ വാഴകൾ, മലയാളി കടകളിൽ മാത്രം കണ്ടു ശീലിച്ച പച്ചക്കറി ഇനങ്ങളായ സോയാബീൻ പോലുള്ള വിളകളും ഇവിടെ തഴച്ചു വളരുന്നുണ്ട്. ചാണകപ്പൊടി, കോഴിക്കാഷ്ഠം തുടങ്ങിയ ജൈവവളങ്ങളാണ് ഉപയോഗിച്ചത്. നെല്ലിൽ നിന്ന് ഉമിക്കരി, വിത്ത് എന്നിവ വിൽപന നടത്തുന്നുണ്ട്. പരമ്പരാഗതമായി കർഷക കുടുംബമാണ് ഷിംജിത്തിന്റേത്, ഇദ്ദേഹവും പതിവു തെറ്റിച്ചില്ല. ഓരോ തവണയും പുതിയ പരീക്ഷണങ്ങളും കൃഷിരീതിയുമായി 25 വർഷത്തോളമായി മണ്ണിൽ അലിഞ്ഞാണ് ഈ യുവാവിന്റെ ജീവിതം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *